6 March 2020

മഞ്ഞുമൂടിയ സന്ധ്യയിൽ, മരക്കൂട്ടത്തിൽ

റോബർട്ട് ഫ്രോസ്റ്റ്
റോബർട്ട് ഫ്രോസ്റ്റ്

ഈ മരക്കൂട്ടം ആരുടേതെന്നെനിക്കറിയാം
ഗ്രാമത്തിൽ അയാളുടെ വീടെന്നിരിക്കെ
മഞ്ഞാൽ മൂടിയ മരങ്ങൾ നോക്കിനിൽക്കും
എന്നെ അയാൾ കാണാനോ പോകുന്നില്ല.

ഈയാണ്ടിലെയേറ്റവും ഇരുണ്ട സായാഹ്നത്തിൽ
മരങ്ങൾക്കും ഉറഞ്ഞ തടാകത്തിനുമിടയ്ക്ക്,
കളപ്പുരയൊന്നും ഇല്ലാത്തിടത്തു നിന്നുപോയതിൽ
എന്റെ കുഞ്ഞുകുതിര ആശ്ചര്യംപൂണ്ടിരിക്കും.

പിശകെന്തെങ്കിലും പറ്റിയോ,യെന്നവൻ
കുടമണി കിലുക്കത്താൽ ചോദിച്ചിടുമ്പോൾ
വീശും കാറ്റും പൊഴിയും മഞ്ഞും മാത്രമേ
മറ്റൊരു ഒച്ചയായി കേൾക്കാനുള്ളൂ.

ഇരുണ്ടഗാധം— മനോഹരം ഈ മരക്കൂട്ടം
പക്ഷേ പാലിക്കാനുണ്ടേറെ വാക്കെനിക്ക്,
നാഴിക താണ്ടാനുണ്ടേറെ ഉറങ്ങും മുമ്പ്,
നാഴിക താണ്ടാനുണ്ടേറെ ഉറങ്ങും മുമ്പ്.