16 February 2020

നിന്റെ പാദങ്ങൾ

പാബ്ലോ നെരൂദ
പാബ്ലോ നെരൂദ

നിന്റെ മുഖത്തേക്കു നോക്കാനാവാതെ വരുമ്പോൾ
നിന്റെ പാദങ്ങളിലേക്കു ഞാൻ നോക്കുന്നു.

കമാനരൂപത്തിലെല്ലുള്ള നിന്റെ പാദങ്ങൾ,
നിന്റെ ഉറച്ച കുഞ്ഞുപാദങ്ങൾ.

എനിക്കറിയാം അവ നിന്നെ താങ്ങിനിർത്തുന്നു,
നിന്റെ മിതഭാരം അവയ്ക്കുമേൽ
ഉയർന്നു നിൽക്കുന്നു.

നിന്റെ അരക്കെട്ട്, മുലകൾ,
കരിഞ്ചുവപ്പായ മുലഞെട്ടുകൾ,
കടാക്ഷങ്ങൾ പറന്നകലുന്ന
നിന്റെ കൺകുഴികൾ,
കനിപോൽ തുടുത്ത വദനം,
നിന്റെ ചെമ്പൻ കുറുനിരകൾ,
എന്റെ കുഞ്ഞുഗോപുരം.

പക്ഷേ നിന്റെ പാദങ്ങളെനിക്കേറെ പ്രിയം
എന്തെന്നാൽ  അവ മണ്ണിലൂടെ കാറ്റിലൂടെ
വെള്ളത്തിലൂടെ നടന്നിരിക്കുന്നു,
എന്നെ കണ്ടെത്തുവോളം.