29 February 2020

കണ്ണുകൾക്കു കാണാമെങ്കിൽ

എ. കെ രാമാനുജൻ
എ. കെ രാമാനുജൻ

ഒരു പാവപ്പെട്ടവന്റെ ചരിത്രം
സുവര്‍ണ്ണോജ്ജ്വലമായ ദിവസത്തിനു മങ്ങലേൽപ്പിക്കാം
മുറിച്ചുവെച്ച ആപ്പിളിന്റെ നിറം
വായുവിൽ തവിട്ടുനിറമാകുന്നപോലെ.
ബാല്യകാല വീടിന്റെ പടികളിലാകെ
പായൽ പടർന്നിരിക്കുന്നു,
വാതിലുകളും ജനലുകളും തുറക്കുന്നത്
ചിലന്തിവലയിലേക്കായിരിക്കുന്നു.

വരാന്തയിൽ പത്രം വായിച്ചിരിക്കുന്നവരും
പറമ്പിൽ പണിയെടുക്കുന്ന ആണുങ്ങളും,
മുറ്റത്ത് കളിക്കുന്ന കുട്ടികളും, അടുക്കളയിൽ പെണ്ണുങ്ങളും,
ചുവരിൽ ചിത്രങ്ങളും ഒക്കെയായി ഒരു കുടുംബം
ഒരിക്കൽ അവിടെ കഴിഞ്ഞിരുന്നു.

സർക്കാർ മാറിയത്, ബാങ്കിടപാടിലെ ക്രമക്കേട്,
ഭൂമി ചട്ടപ്രകാരം സഹോദരങ്ങൾക്കു വീതിക്കേണ്ടി വന്നത്
അങ്ങനെയുണ്ടായ അശ്രദ്ധമൂലം ചുവരുകളൊക്കെ നശിച്ചു,
കുട്ടികളാകെ തകർന്നു, ചിത്രങ്ങളെല്ലാം ലേലത്തിൽ പോയി.

എങ്കിലും ദിവസങ്ങൾ സുവർണ്ണോജ്ജ്വലമാകാം,
ആപ്പിൾ മനോഹരവും,
ദിവസങ്ങളും ആപ്പിളുകളും മാത്രമേ
കണ്ണുകൾക്ക് കാണാനാകുന്നുള്ളുവെങ്കിൽ.