15 February 2020

ഉത്തരം

ബേ ദാവോ
ബേ ദാവോ

ദുഷ്ടത തെമ്മാടിയുടെ തിരിച്ചറിയൽരേഖയാണ്.
കുലീനത നെറിയുള്ളവന്റെ സ്‌മാരകവാക്യവും.
കാണൂ, മരിച്ചവരുടെ ഓളംതല്ലും പ്രതിരൂപങ്ങളുമായി
സുവർണ്ണാകാശം ഒഴുകുന്നത്.

ഹിമയുഗമൊടുങ്ങിയിട്ട് കാലമേറെയായെ,ന്നിട്ടും
ഹിമപാളികൾ അവിടെയെല്ലായിടത്തുമെന്തിന്?
ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിക്കഴിഞ്ഞെ,ന്നിട്ടും
ചാവുകടലിൽ കപ്പലുകൾ ഓടുന്നതെന്തിന്?

കടലാസ്സും കയറും ഒരു നിഴലും മാത്രമായി
ഞാൻ ഈ ലോകത്തേക്ക് വന്നത്
വിചാരണയ്ക്ക് മുമ്പൊരു പ്രഖ്യാപനം നടത്താനാണ്,
പറയാനുള്ളത് ഇതുമാത്രമാണ്:

ശ്രദ്ധിക്കൂ ലോകമേ, ഞാൻ വിശ്വസിക്കുന്നില്ല.
ഒരായിരം പ്രതിയോഗികൾ
നിങ്ങളുടെ കാലടിയിലായെങ്കിൽ
ആയിരത്തിയൊന്നാമനായി എന്നെ കണക്കാക്കൂ.

ആകാശം നീലയെന്ന് ഞാൻ വിശ്വസിക്കുന്നില്ല;
ഇടിമുഴക്കത്തിൻ മാറ്റൊലികളെ ഞാൻ വിശ്വസിക്കുന്നില്ല;
സ്വപ്‌നങ്ങൾ യാഥാർഥ്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല;
മരണാനന്തരം പകയുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നില്ല;

കൽഭിത്തി കവിഞ്ഞ് കടലുയരുമെങ്കിൽ
ഉപ്പുവെള്ളത്താൽ എന്റെ ഹൃദയം നിറയട്ടെ;
ആഴങ്ങളിൽ നിന്നും കരയുയരുമെങ്കിൽ
ഉന്നതങ്ങളിൽ മനുഷ്യർ വീണ്ടും ജീവിക്കട്ടെ.

ഒരു പുത്തൻ ഗ്രഹനില. തിളങ്ങും താരകങ്ങൾ
വിശാലമായ ആകാശത്തെ മോടിപിടിപ്പിക്കുന്നു.
നിങ്ങൾക്ക് കാണാമോ? ആ പുരാതന ലിപി,—
നമ്മെ ഉറ്റുനോക്കുന്ന ഭാവിയുടെ കണ്ണുകൾ.