Skip to main content

റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകൾ

റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ
സാധാരണ കാര്യങ്ങളെ അത്ഭുതകരമാംവണ്ണം മഹത്വമുള്ളതാക്കി മാറ്റാൻ സാധിക്കുന്നെന്നത് കവിതയുടെ പ്രധാന ശേഷികളിൽ ഒന്നാണല്ലോ. ഇത് അക്ഷരാർത്ഥത്തിൽ റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകളിൽ വായിച്ചറിയാം. ട്രാൻസ്ട്രോമറുടെ കവിതകൾ, രാത്രിയിൽ നിശബ്ദതയിൽ തനിച്ചായിരിക്കുന്ന വേളകളിൽ വായിക്കാനെടുക്കേണ്ടവയാണ്. എന്തെന്നാൽ ആ കവിതകളിൽ മിക്കതിന്റെയും നിഗൂഢസ്വഭാവം ഏറ്റവും ആസ്വാദ്യമാകുന്നത് ഇത്തരം വേളകളിലാണ്.

എന്നാൽ കവിതയിലെ നിഗൂഢതയുടെ ആവശ്യകതയെപ്പറ്റി സ്റ്റെഫാൻ മല്ലാർമെ അഭിപ്രായപ്പെട്ടതു പോലെ യാഥാർത്ഥ്യത്തിൽ നിന്നും അകന്നുനിന്നുകൊണ്ടുള്ള നിഗൂഢതയല്ല ട്രാൻസ്ട്രോമർ കവിതകളുടേത്. യാഥാർത്ഥ്യങ്ങളോടുള്ള ബന്ധം വിച്ഛേദിക്കാതെ, ഒരേസമയം ലളിതമെന്നും സങ്കീർണ്ണമെന്നുമുള്ള തോന്നലുണ്ടാക്കാൻ ട്രാൻസ്ട്രോമർ കവിതകൾക്കു സാധിക്കുന്നു. ദൈനംദിന ജീവിതത്തിൽ വേരുകളുള്ള ഈ കവിതകൾ, അവയുടെ ആഴവും മുഴക്കവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഓരോ കവിതയിലും വാക്കുകളും ബിംബങ്ങളും പ്രയോഗിക്കുന്നതിൽ കാണിക്കുന്ന കണിശതയും ശ്രദ്ധയും കാരണമാകണം വെറും മുന്നൂറിൽ താഴെ പേജുകളിൽ ഒതുക്കാവുന്നതാണ് അദ്ദേഹത്തിന്റെ രചനാലോകം. മനഃശാസ്‌ത്രജ്ഞന്‍ എന്ന നിലയിലുള്ള തൊഴിൽ ജീവിതവും, സംഗീതത്തിലുള്ള കമ്പവും ട്രാൻസ്ട്രോമറുടെ കവിതയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1990ൽ പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് വലതുഭാഗത്തിന്റെ ചലനശേഷി നഷ്ടമാകുകയുണ്ടായി. സംസാരിക്കാനുള്ള ശേഷിയും ഏറെക്കുറേ നഷ്ടമായി. ഇതിനുശേഷം അദ്ദേഹത്തിന്റെ കവിതകൾ കൂടുതൽ സംക്ഷിപ്തമാകുന്നത് കാണാം.

ആറ്റിക്കുറുക്കിയതും തുളച്ചിറങ്ങുന്നതുമായ ബിംബങ്ങൾ കൊണ്ട് മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് മായികമായ ഉള്‍ക്കാഴ്ചയോടെ കടന്നു ചെല്ലാൻ അദ്ദേഹത്തിന്റെ കവിതകൾക്ക് സാധിക്കുന്നു. സ്വീഡന്റെ തണുത്തുറഞ്ഞ ഭൂപ്രകൃതിയും മരണവും സ്വപ്നവും അദ്ദേഹത്തിന്റെ കവിതയിലെ സജീവ സാന്നിധ്യമാണ്.

1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലുമാണ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത്. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 2015 മാർച്ച് 26ന്  അദ്ദേഹം അന്തരിച്ചു.

റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകൾ


പാതിപണിതീർന്ന സ്വർഗ്ഗം

ദൈന്യത അതിന്റെ വഴിമാറിപ്പോകുന്നു.
തീവ്രവേദനയും അതിന്റെ വഴിമാറുന്നു.
കഴുകൻ പറക്കൽ നിർത്തുന്നു.

ജ്വലിക്കുന്ന വെട്ടം പുറത്തേക്കൊഴുകുന്നു,
ആത്മാക്കൾ പോലും അതെടുക്കുന്നു.

നമ്മുടെ ചിത്രങ്ങൾ വെളിച്ചംകാണുന്നു,
ഹിമയുഗ ചിത്രശാലയിലെ ചുവപ്പൻ ജന്തുക്കൾ.

എല്ലാം ചുറ്റുപാടും നോക്കാൻ തുടങ്ങുന്നു.
നാം നൂറാൾക്കൂട്ടങ്ങളായി വെയിലത്ത്‌ നടക്കുന്നു.

എല്ലാവർക്കുമായിട്ടുള്ള മുറിയിലേക്ക് തുറക്കുന്ന
പാതിതുറന്ന കതകാകുന്നു ഓരോ മനുഷ്യനും.

നമുക്കുതാഴെയായി അറ്റമില്ലാത്ത നിലം.
മരങ്ങൾക്കിടയിൽ വെള്ളം വെട്ടിത്തിളങ്ങുന്നു.
തടാകം ഭൂമിക്കുള്ളിലേക്കുള്ള ജാലകമാകുന്നു.

ശിശിരകാലരാത്രി

കൊടുങ്കാറ്റ് ഒരീണത്തിനായി
വീടിനോടു ചുണ്ടു ചേർത്തൂതുന്നു.
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഞാൻ
കണ്ണടച്ച്, കൊടുങ്കാറ്റിനെ വായിക്കുന്നു.

കുഞ്ഞിന്റെ കണ്ണുകൾ ഇരുട്ടിൽ വിടരുന്നു
കാറ്റോ കുഞ്ഞിനായി മൂളുന്നു.
ഇരുവർക്കും ഉലയുന്ന നാളങ്ങളോട് പ്രിയം
ഇരുവരും ഭാഷയിലേക്കുള്ള പാതിവഴിയിൽ.

കാറ്റിന് കുഞ്ഞിന്റേതുപോലുള്ള കൈകൾ, ചിറകുകൾ.
അഭയം തേടിയാളുകൾ മറ്റൊരിടം തേടിപ്പോകുന്നു.
ചുവരുകളെ ചേർത്തുപിടിച്ച് വീട്
അതിന്റെതന്നെ ലോകം കണ്ടെത്തുന്നു.

നമ്മുടെ മുറിയിൽ രാത്രി ശാന്തമാണ്.
തടാകത്തിൽ മുങ്ങിക്കിടക്കുന്ന ഇലകളെ പോലെ
പോയകാലടികളെല്ലാം ഇവിടെ അടക്കപ്പെട്ടിരിക്കുന്നു.
പുറത്ത് രാത്രി ക്ഷോഭിച്ചിരിക്കുന്നു.

ലോകത്തിനു മുകളിലൂടെ ഒരു മരണക്കാറ്റ് വീശുകയാണ്.
ഒരീണത്തിനായി അതതിന്റെ ചുണ്ട്
നമ്മുടെ ആത്മാവിനോട് ചേർത്തൂതുന്നു, അകം
പൊള്ളയായി പോകുമോയെന്ന് നാം ഭയക്കുന്നു.

മാർച്ച്‌ 1979

ഭാഷയില്ലാതെ, വെറും വാക്കുകളുമായി വരുന്നവരിൽ മടുത്ത്
മഞ്ഞുമൂടിയ തുരുത്തിലേക്ക് ഞാൻ ചേക്കേറി.
മെരുങ്ങാത്തവയ്ക്ക് വാക്കുകളില്ല.
എഴുതപ്പെടാത്ത താളുകൾ എല്ലാ വശങ്ങളിലേക്കും പടരുന്നു!
മഞ്ഞിൽ കലമാനിന്റെ കാലടിപ്പാടുകൾ ഞാൻ കണ്ടു.
ഭാഷയുണ്ട് എന്നാൽ വാക്കുകളില്ല.

പാത

രാത്രി രണ്ടുമണി: നിലാവ്. പാടത്തിനു നടുവിലായി
വന്നുനിർത്തിയിട്ട തീവണ്ടി. ചക്രവാളത്തിൽ
വിദൂര നഗരത്തിൽ നിന്നുള്ള തരിവെട്ടങ്ങൾ മിന്നിമങ്ങുന്നു.

കിനാവിന്റെ ആഴത്തിലേക്ക് പോകുന്നൊരാൾ
തിരിച്ചു മുറിയിലെത്തുമ്പോൾ
എവിടെയായിരുന്നു താനെന്നത് ഓർക്കാത്തതുപോലെ.

രോഗത്തിന്റെ കയത്തിലേക്കൊരാൾ വീഴുമ്പോൾ
അയാളുടെ ദിനങ്ങളെല്ലാം മിന്നിമങ്ങുന്ന തരിവെട്ടങ്ങളാകുന്ന പോലെ,
ചക്രവാളത്തിൽ തണുത്ത് മങ്ങി, ഒരു കൂട്ടം.

പൂർണ്ണമായും ചലനമറ്റ് കിടക്കുന്ന തീവണ്ടി.
രാത്രി രണ്ടുമണി: കനത്ത നിലാവ്, ഏതാനും നക്ഷത്രങ്ങൾ.

ഏപ്രിലും മൗനവും

വസന്തം വിജനമായി കിടന്നു.
ഒന്നും പ്രതിഫലിപ്പിക്കാതെ
എനിക്കരികിലൂടെ ഒഴുകുകയാണ്
ഇരുണ്ടവയലറ്റ് നിറത്തിൽ ഒരു തോട്.

ചില മഞ്ഞപൂവുകൾ മാത്രം
തിളങ്ങിനിൽക്കുന്നു.

വയലിൻ അതിന്റെ
കറുത്ത പെട്ടിയിലെന്നപോലെ
എന്റെ നിഴലിൽ ഞാൻ
വഹിക്കപ്പെടുന്നു.

എനിക്കു പറയാനുള്ള ഒരേയൊരു കാര്യം
എത്താനാകാത്തിടത്തു നിന്നു മിന്നുന്നു
—പലിശക്കാരന്റെ കൈവശമുള്ള
പണയപ്പണ്ടം പോലെ.

മുഖാമുഖം

ഫെബ്രുവരിയിൽ ജീവിതം നിശ്ചലമായി.
പക്ഷികൾ പറക്കാൻ മടിച്ചു, ആത്മാവ്
മണ്ണിൽ ഇഴഞ്ഞു— കെട്ടിയിട്ട
കുറ്റിയിലുരസുന്ന വള്ളം പോലെ.

എനിക്കു പുറംതിരിഞ്ഞ് മരങ്ങൾ നിന്നു
പുൽത്തണ്ടുകൾ മഞ്ഞിന്നാഴമളന്നു
മഞ്ഞിൻപുറത്തെ കാൽപ്പാടുകൾ പഴകി
ഒരു താർപ്പായുടെ കീഴിൽ, ഭാഷ ചിതറി.

ഒരു ദിവസം ജനലിലെന്തോ വന്നെത്തി.
ജോലി നിർത്തി ഞാനതു നോക്കി.
നിറങ്ങൾ ജ്വലിച്ചു. എല്ലാം തിരിഞ്ഞുമറിഞ്ഞു.
ഭൂമിയും ഞാനും നേർക്കുനേർ കുതിച്ചു.

കറുത്ത കത്തുകൾ

I.
കലണ്ടർ നിറഞ്ഞിരിക്കുന്നു, ഭാവിയെന്തെന്നറിയില്ല.
നാടില്ലയെങ്കിലും, നാട്ടുപാട്ടിൻ നേർത്തൊരീണം മൂളുകയാണ് റേഡിയോ.
നിശ്ചലമായ കടലിൽ മഞ്ഞു വീഴുന്നു, തുറയിൽ നിഴലുകൾ തമ്മിലടിക്കുന്നു.

II.
മധ്യവയസ്സിൽ മരണം വന്ന് നിങ്ങളുടെ അളവെടുത്തുപോകുന്നു,
ആ സന്ദർശനം മറക്കപ്പെടുന്നു, ജീവിതം മുന്നോട്ടു പോകുന്നു.
ആരുമറിയാതെ നിങ്ങൾക്കുള്ള വസ്ത്രം തുന്നപ്പെടുന്നു.

ഇണ

അവർ ലൈറ്റണച്ചു, അതിന്റെ തെളിച്ചം
തെല്ലിടകൂടി തങ്ങിനിന്നു. ഇരുട്ടിന്റെ ഗ്ലാസ്സിൽ
ഒരു ഗുളിക അലിഞ്ഞില്ലാതാകുന്ന പോലെ.
പിന്നെ ഒരു ഉയർച്ച. ഹോട്ടൽ ചുമരുകൾ
രാത്രിവാനോളം ഉയരത്തിലായി.

പ്രണയചേഷ്ടകളടങ്ങി, അവരുറക്കമായി.
സ്കൂൾക്കുട്ടി വരയ്ക്കുന്ന ജലചായചിത്രത്തിൽ
ഇരുവർണ്ണങ്ങൾ ഇടകലരും പോലെ
അവരുടെ രഹസ്യകിനാവുകൾ കണ്ടുമുട്ടുകയായി.

ഇരുട്ട്, നിശബ്ദത. ഈ രാത്രി നഗരം
ഉൾവലിഞ്ഞു നിൽക്കുന്നു. ജനലുകളെല്ലാം അടച്ച്
വീടുകളെല്ലാം ഒത്തുചേർന്നു.
കൂട്ടംകൂടി അവർ കാത്തുനിൽക്കുന്നു.
ഭാവമേതുമില്ലാത്ത മുഖങ്ങളുമായി ഒരു കൂട്ടർ.

പരിഭാഷകന്റെ കുറിപ്പ് 

റോബർട്ട് ബ്ലൈ, പാറ്റി ക്രേൻ, റോബിൻ റോബെർട്ട്സൺ, റോബിൻ ഫുൾട്ടൺ എന്നിവരുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ട്രോമറുടെ കവിതകൾ ഞാൻ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്. സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് ഇന്റെർനാഷണൽ സമ്മാനം സ്വീകരിച്ചുകൊണ്ട് 1990 ജൂണിൽ ഓൿലഹോമ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ  ട്രാൻസ്ട്രോമർ പറഞ്ഞ വാക്കുകൾ ആണ് മലയാളത്തിന് പൊതുവെ വഴങ്ങാൻ സാധ്യത കുറവെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെ കവിതകൾ മലയാളത്തിലാക്കാൻ എനിക്ക് ധൈര്യം തന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
പരിഭാഷകർക്കെല്ലാം പൊതുവായിട്ടുള്ള കാര്യമെന്നത് അവരവരുടെ ഭാഷകളിൽ വിദഗ്ധരാണവർ എന്നതാകുന്നു; അവർ എന്റെ കവിതകൾ വിവർത്തനം ചെയ്തതാവട്ടെ, അതു ചെയ്യാനുള്ള ആഗ്രഹം കൊണ്ടും. ഇങ്ങനെയൊരു പ്രവർത്തികൊണ്ട് അവർക്കു പണമോ പ്രശസ്തിയോ കിട്ടാനില്ല. മൂലഗ്രന്ഥത്തിലുള്ള താല്പര്യം, ജിജ്ഞാസ, സമർപ്പണം- ഇതൊക്കെയാണ് അവരുടെ പ്രേരണ. ഇതിനെ സ്നേഹമെന്നു തന്നെ വിളിക്കണം- കവിതാവിവർത്തനത്തിനുള്ള യഥാർത്ഥ അടിസ്ഥാനം ഇതൊന്നുമാത്രമാണ്‌. ഒരു കവിതയെ രണ്ടു രീതിയിൽ നമുക്കു കണക്കാക്കാം. ഭാഷയുടെ ജീവന്റെ ഒരാവിഷ്കാരമായിട്ടാണ് ആദ്യത്തേത്; ഏതു ഭാഷയിലാണോ എഴുതപ്പെട്ടത്, അതിൽ നിന്ന് നൈസർഗ്ഗികമായി വളർന്നുവരുന്നതൊന്ന്. എന്റെ കാര്യത്തിൽ ആ ഭാഷ സ്വീഡിഷാണ്‌. സ്വീഡിഷ് ഭാഷ എന്നിലൂടെ എഴുതുന്ന കവിത. മറ്റൊരു ഭാഷയിലേക്ക് അതു കൊണ്ടുപോവുക അസാദ്ധ്യമാണ്. എന്നാൽ ഇതിനു ഭിന്നമായ മറ്റൊരു വീക്ഷണമുണ്ട്: വ്യവഹാരഭാഷയ്ക്കു അപ്പുറത്തുള്ള മറ്റൊരു ഭാഷയിൽ എഴുതപ്പെടുന്ന അദൃശ്യമായ ഒരു കവിതയുടെ ആവിഷ്കരണമാണ്‌ നമുക്കു മുന്നിലെത്തുന്ന ഏതു കവിതയും. അപ്പോൾ മൂലരൂപം തന്നെ ഒരു വിവർത്തനമാണെന്നു പറയാം. ഇംഗ്ലീഷിലേക്കോ മലയാളത്തിലേക്കോ ഉള്ള പകർച്ച തന്നെ ആ അദൃശ്യകവിതയ്ക്കു പിറവിയെടുക്കാനുള്ള പുതിയൊരു ശ്രമമാകുന്നു. ഇതിനെല്ലാമുപരി എഴുത്തിനും വായനക്കാരനുമിടയിൽ എന്തു നടക്കുന്നു എന്നതാണ്‌ പ്രധാനം. യഥാർത്ഥത്തിൽ അർപ്പിതമനസ്സായ ഒരു വായനക്കാരൻ, താൻ വായിക്കുന്നത് മൂലരൂപമാണോ വിവർത്തനമാണോയെന്ന് ചോദിക്കാറില്ലല്ലോ? ഭാഷാബഹുലമായ ഒരു ചുറ്റുപാടിൽ വളരുന്ന ഒരു രണ്ടുവയസ്സുകാരൻ കുട്ടി വ്യത്യസ്തഭാഷകളെ ഒറ്റഭാഷയായി അനുഭവിക്കുന്നതുപോലെ എന്റെ കാവ്യജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ എല്ലാ കവിതയും എനിക്ക് സ്വീഡിഷ് ആയിരുന്നു. എലിയട്ട്, ട്രാക്ൽ , എല്വാദ്- അമൂല്യവും വികലവുമായ വിവർത്തനങ്ങളിലൂടെ എനിക്കു പ്രത്യക്ഷരായ അവരെല്ലാം സ്വീഡിഷ് എഴുത്തുകാരായിരുന്നു. സൈദ്ധാന്തികമായി ഇങ്ങനെ ന്യായീകരിക്കാം, കവിതാവിവർത്തനത്തെ ഒരസംബന്ധമായി കാണാം. എന്നാൽ വിശ്വസാഹിത്യത്തിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രായോഗികതലത്തിൽ നാം കവിതാവിവർത്തനത്തിൽ വിശ്വസിക്കുകതന്നെ വേണം.

Comments

Popular Read

സി.പി കവാഫിയുടെ കവിതകൾ

ഭാവനയാൽ സൃഷ്ടിക്കപ്പെട്ടതും അതിലൂടെ ചെന്നെത്താവുന്നതുമായ കാവ്യലോകമാണ് ഗ്രീക്ക് കവി കോൺസ്റ്റന്റൈൻ പീറ്റർ കവാഫിയുടേത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ വൈയക്തികവും ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കവിതകളെ തരംതിരിക്കാം. ചരിത്രകാരനായ കവി എന്നൊരു വിശേഷണം പൊതുവെ കവാഫിയ്ക്ക് നൽകിവരാറുണ്ട്.

ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്.

പരിചയക്കാർക്കിടയിൽ കവിതകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു എന്നതൊഴിച്ചാൽ, തന്റെ ജീവിതകാലയളവിൽ വില്പനയ്ക്കായി കവിതാസമാഹാരങ്ങൾ ഒന്നും അദ്ദേഹം പുറത്തിറക്കിയിരുന്നില്ല. മരിച്ച് ഏതാണ്ട് ഇരുപത് വർഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷിൽ ആദ്യം പുറത്തിറങ്ങുന്നത്. അ…

ബേ ദാവോയുടെ കവിതകൾ

പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ ചൈനീസ് കവിതയിൽ രൂപപ്പെട്ട പ്രസ്ഥാനമായ മിസ്റ്റി കവിതയിൽ പ്രമുഖനാണ് ബേ ദാവോ. 1949ൽ ബെയ്‌ജിംഗിൽ ജനിച്ച ബേ ദാവോയുടെ  വിദ്യാഭ്യാസം സാംസ്കാരിക വിപ്ലവത്തെ തുടർന്നു തടസ്സപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യകാല കവിതകൾ രാഷ്ട്രീയസ്വാധീനം ചെലുത്താൻ പോന്നവയായിരുന്നു. പതിനേഴാം വയസ്സിൽ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായിരുന്ന റെഡ് ഗാർഡ് മൂവ്മെന്റിൽ പങ്കുചേർന്നു. പിന്നീട് ഈ പ്രവർത്തനങ്ങളിൽ നിരാശനായി ഗ്രാമപ്രദേശങ്ങളിൽ നിർമ്മാണതൊഴിലാളിയായി ജോലി ചെയ്തു.

1980നൊടുവിൽ ബേ ദാവോ ചൈനീസ് റൈറ്റേഴ്‌സ് അസോസിയേഷനിൽ അംഗമായി. 1989ൽ അദ്ദേഹം ബെർലിനിൽ എഴുത്തുകാരുടെ സമ്മേളത്തിനു പങ്കെടുക്കാൻ എത്തിയ സമയത്താണ് ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല നടക്കുന്നത്. ഇതേതുടർന്ന് സ്വദേശം വിട്ടു ജീവിക്കാൻ തീരുമാനിച്ചു. ഏറെക്കാലം സ്കാൻഡനേവിയൻ രാജ്യങ്ങളിലും പിന്നീട് യുഎസിലും കഴിഞ്ഞു. ഇപ്പോൾ ഹോങ്കോങ്ങിൽ താമസിക്കുന്നു.

ലോർക്കയിലേതു പോലുള്ള ഭാവാത്മകത; റ്റൊമാസ് ട്രാൻസ്ട്രോമർ,  സെസാർ വയാഹോ, ഗിയോർഗ് ട്രാക്ൽ എന്നിവരിലേതുപോലുള്ള സർറിയലിസം, റിൽക്കെയുടേത് പോലുള്ള വൈകാരികത എന്നിവ ബേ…

സ്ബിഗ്ന്യെഫ് ഹെർബെർട്ടിന്റെ കവിതകൾ

നിർജ്ജീവമെന്നും അചേതനമെന്നും പറഞ്ഞു കവികൾ പൊതുവെ എടുക്കാൻ മടിച്ചിരുന്ന വസ്തുക്കളിൽ ഐറണിയിലൂടെ കവിത കണ്ടെത്തിയ കവിയാണ് സ്ബിഗ്ന്യെഫ് ഹെർബെർട്. അദ്ദേഹത്തിന്റെ കവിതയിൽ നമുക്കു പരിചിതമായ പലതും വിചിത്രവും വിചിത്രമായ പലതും പരിചിതവുമായി മാറുന്നു. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു.

പിൽക്കാല കവിതകളിലാകട്ടെ വികാരങ്ങൾ വരെ വിചാരങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത് കാണാം. ചരിത്രവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ കവിതയിൽ പ്രധാനമാണ്. ഒരു അസ്സൽ രാഷ്ട്രീയകവിയായി ഹെർബെർട്ടിനെ കാണുന്നവരുമുണ്ട്. കമ്യൂണിസ്റ്റ് ആകാതെ നാസികൾക്കെതിരെയും, കത്തോലിക്കനോ ദേശീയവാദിയോ ആകാതെ സ്റ്റാലിനിസത്തിനെതിരെയും നിലകൊണ്ട ഹെർബെർട്, ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പോളിഷ് കവികളിൽ ഒരാളാണ്.

സ്ബിഗ്ന്യെഫ് ഹെർബെർട്ടിന്റെ കവിതകൾ
പിടക്കോഴി

മനുഷ്യരോടൊത്തുള്ള സ്ഥിരവാസത്തിലൂടെ എന്തായിത്തീരും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പിടക്കോഴി. ഒരു പക്ഷിയുടേതായ ഭംഗിയും മൃദുലതയും അവൾക്കു പൂർണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. ഒട്ടും ഇണങ്ങാത്ത വലിയ തൊപ്പിപോലെ, തള്ളിനിൽക്കുന്ന ആസനത്തി…

റോബർട്ടോ ഹുവാറോസിന്റെ ലംബകവിതകൾ

കവിതയുടെ, ഭാഷയുടെയും, പരിമിതികൾ മറികടന്നു കവിതയ്ക്കു മറ്റൊരു മേച്ചിൽപ്പുറം കണ്ടെത്താനുള്ള റോബർട്ടോ ഹുവാറോസിന്റെ ശ്രമമായിരുന്നു ലംബ കവിതകൾ. ഒരു പ്രത്യേകകാലത്തെ വൈയക്തികവും രാഷ്ട്രീയപരവുമായ വിഷയങ്ങൾക്കു പകരം എക്കാലത്തെയും വിഷയങ്ങളായിരുന്നു ലംബകവിതയുടേത്. ചുറ്റുപാടുമുള്ള, തിരശ്ചീനമായ പരപ്പിനു പകരം ആഴവും ഉയരവുമുള്ള തത്വവിചാരങ്ങൾ കവിതയായപ്പോൾ, വൈകാരികതയ്ക്കുള്ള ഇടമതിൽ ചുരുങ്ങി, ഒരുപക്ഷേ ഇല്ലെന്നുതന്നെയായി. ശൂന്യതയും അഗാധതയും  നിറഞ്ഞു.

ലംബ കവിത എന്ന തലക്കെട്ടിൽ  1958ലാണ് റോബർട്ടോ ഹുവാറോസ് തന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിലെ കവിതകൾക്കൊന്നും തലക്കെട്ട് ഇല്ലായിരുന്നു. തുടർന്നിറങ്ങിയ എല്ലാ കവിതാപുസ്തകങ്ങളും ലംബകവിത എന്ന പേരിൽ തന്നെയായിരുന്നു. ഒരേ ശൈലിയിൽ എഴുതാൻ റോബർട്ടോ ഹുവാറോസിനു ജീവിതകാലമത്രയും സാധിച്ചു.

ലളിതമായ ഭാഷ, മൂർത്തമായ ബിംബങ്ങൾ ഉപയോഗിച്ച് അമൂർത്തതയെ ആവിഷ്കരിക്കൽ, സെൻ കവിതകളിൽ കാണുന്നതരം തെളിച്ചം, ഹൈക്കുവിലേതു പോലെ വാക്കുകളുടെ മിതത്വം എന്നിവ ലംബകവിതയുടെ പൊതുസവിശേഷതകളാണ്. വേദവാക്യങ്ങൾ പോലെയോ കടങ്കഥകൾ പോലെയോ ആണ് ഹുവാറോസിന്റെ ലംബകവിതകൾ.

1929ൽ ബ്യൂണോ എയ്റസിലെ ചെറുപ…

ഗിയോർഗ് ട്രാക്ക്‌ലിന്റെ കവിതകൾ

ഓസ്ട്രിയൻ കവിയായ ഗിയോർഗ് ട്രാക്ക്ൽ  (1887 – 1914) തന്റെ കവിതകളിൽ മൗനം പാലിക്കുന്നു. വാചകമടിയോ പ്രസ്താവനകളോ ഇല്ല. ബിംബങ്ങളെ തനിക്കുവേണ്ടി സംസാരിക്കാൻ പറഞ്ഞുവിടുന്നു. മതിഭ്രമത്താൽ ഈ കവി ലോകത്തിനു വിചിത്രമായ നിറങ്ങൾ നൽകുന്നു. നരച്ച മൗനം ആ നിറങ്ങൾക്കു പശ്ചാത്തലമാകുന്നു. പലപ്പോഴും ഇരുണ്ട സായാഹ്നങ്ങളിൽ നിന്നും ബിംബങ്ങളുടെ നേർത്ത ശബ്ദം കേൾക്കാറാകുന്നു.

ട്രാക്ക്ലിന്റെ കവിതകൾ വായിക്കാനെടുക്കുമ്പോൾ ഇന്ദ്രിയബോധങ്ങളെ തകിടം മറിക്കാൻ ഒരുമ്പെട്ട ആർതർ റങ്ബോയെ ഓർമ്മ വരുന്നു. സ്ഥിരത കണ്ടെത്താനാകാത്ത മനസ്സുമായി മറ്റൊരു ലോകം തേടിയ സാമുവൽ ടെയിലർ കോൾറിഡ്ജിനെയും ഓർക്കാനാകുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം തകർന്നടിഞ്ഞ പ്രകൃതിയേയും മനുഷ്യമനസ്സിനെയും കാണാനാകുന്നു.

തന്റെ ഇരുപതുകളുടെ തുടക്കത്തിൽ കവിതയെഴുത്തു നിർത്തി അടിമകച്ചവടത്തിനു പോയ റങ്ബോയെ എന്ന പോലെ അമിതമായ കൊക്കെയിൻ ഉപയോഗിച്ചു തന്റെ ഇരുപത്തിയേഴാം വയസ്സിൽ മരണപ്പെട്ട ട്രാക്ക്ലും എനിക്കു പ്രിയപ്പെട്ടവനാകുന്നു. ആ ജീവിതം കൊണ്ടല്ല - അവശേഷിപ്പിച്ച കവിതകൾ കൊണ്ട്.

ഗിയോർഗ് ട്രാക്ക്‌ലിന്റെ കവിതകൾ
രാപ്രണയം

നക്ഷത്രകൂടാരത്തിനു കീഴെ അർദ്ധരാത്രിയുടെ
നിശബ്‌ദതയിൽ ഏകാകിയാം ഒര…