Skip to main content

സി.പി കവാഫിയുടെ കവിതകൾ

സി.പി കവാഫി
സി.പി കവാഫി
ഭാവനയാൽ സൃഷ്ടിക്കപ്പെട്ടതും അതിലൂടെ ചെന്നെത്താവുന്നതുമായ കാവ്യലോകമാണ് ഗ്രീക്ക് കവി കോൺസ്റ്റന്റൈൻ പീറ്റർ കവാഫിയുടേത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ വൈയക്തികവും ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കവിതകളെ തരംതിരിക്കാം. ചരിത്രകാരനായ കവി എന്നൊരു വിശേഷണം പൊതുവെ കവാഫിയ്ക്ക് നൽകിവരാറുണ്ട്.

ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്.

പരിചയക്കാർക്കിടയിൽ കവിതകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു എന്നതൊഴിച്ചാൽ, തന്റെ ജീവിതകാലയളവിൽ വില്പനയ്ക്കായി കവിതാസമാഹാരങ്ങൾ ഒന്നും അദ്ദേഹം പുറത്തിറക്കിയിരുന്നില്ല. മരിച്ച് ഏതാണ്ട് ഇരുപത് വർഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ കവിതകൾ ഇംഗ്ലീഷിൽ ആദ്യം പുറത്തിറങ്ങുന്നത്. അലക്‌സാൻഡ്രിയ നഗരത്തിൽ ഒതുങ്ങിയുള്ള അദ്ദേഹത്തിന്റെ ജീവിതമാകട്ടെ, ഏറെക്കുറേ ആവർത്തന വിരസമായിരുന്നു.

ഒരു പൂർണ്ണതാവാദിയായിരുന്ന കവാഫി, തന്റെ ജീവിതകാലമത്രയും മിക്ക കവിതകളും തിരുത്തിയെഴുതിയിരുന്നു. 1933 ഏപ്രിൽ 29ന് മരണപ്പെടുമ്പോൾ 154 കവിതകൾ മാത്രമാണ് എഴുതി പൂർത്തിയാക്കിയ മട്ടിൽ ഉണ്ടായിരുന്നത്. ജീവിച്ച കാലത്ത് ആഘോഷിക്കപ്പെട്ടില്ല, എങ്കിലും പിൽക്കാല കവികളാൽ അനുകരിക്കപ്പെടുന്നതിന്റെ കണക്കാണ് മാനദണ്ഡമെങ്കിൽ കവാഫി എക്കാലത്തെയും വലിയ കവികളിൽ ഒരാളാണ്. സമകാലീന കവികളിൽ കവാഫിയുടെ സ്വാധീനം കൂടുതൽ പ്രകടവുമാണ്.

കോൺസ്റ്റന്റൈൻ പീറ്റർ കവാഫിയുടെ കവിതകൾ


നഗരം

നീ പറഞ്ഞു: 'ഞാൻ മറ്റൊരു നാട് തേടും. മറ്റൊരു തീരം കണ്ടെത്തും.
ഇതിനേക്കാൾ നല്ലൊരു നഗരം എനിക്കുമുന്നിൽ വെളിപ്പെടും.
ഇവിടെ ഞാൻ ചെയ്യുന്നതെല്ലാം തുടക്കംമുതലേ പിഴയ്ക്കുന്നു.
എന്റെ ഹൃദയം മരിച്ച ഒരാളുടേതു പോലെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
എത്രനാളെന്നു വെച്ചാണ് എന്റെ മനസ്സ് ഈ ചേറിൽ കഴിയുക?
അനേകവർഷങ്ങൾ ഞാൻ പാഴാക്കി നശിപ്പിച്ചുകളഞ്ഞ ഇവിടെ,
എവിടേക്ക് തിരിഞ്ഞാലും എങ്ങോട്ട് നോക്കിയാലും
ജീവിതത്തിന്റെ ഇരുണ്ട അവശിഷ്ടങ്ങൾ മാത്രം.'

നീ പുതിയൊരു നാടും കണ്ടെത്തില്ല; മറ്റൊരു തീരവും കാണില്ല.
ഈ നഗരം നിന്നെ പിന്തുടരും. ഇതേ തെരുവുകളിൽ നീ അലയും,
ഇതേ വീടുകളിൽ ജീവിച്ച് നിനക്ക് വയസ്സാകും.
ഇതേ നഗരത്തിൽ തന്നെ നീ എത്തിപ്പെടും.
മറ്റൊരിടം കണ്ടെത്താമെന്ന പ്രതീക്ഷ ഉപേക്ഷിച്ചേക്കുക,
ഒരു പാതയും ഒരു കപ്പലും നിന്നെ അവിടെയെത്തിക്കാൻ പോകുന്നില്ല.
ഇവിടെ, ഈ ചെറുകോണിൽ, എവ്വിധം നീ നിന്റെ ജീവിതം നശിപ്പിച്ചുവോ
അവ്വിധം ലോകത്തെല്ലായിടത്തും നിനക്കത് നഷ്ടമായിരിക്കുന്നു.


കാടന്മാർക്കായുള്ള കാത്തിരിപ്പ്

നഗര ചത്വരത്തിൽ ഒത്തുകൂടി
നാം എന്തിനായിട്ടാണ് കാത്തിരിക്കുന്നത്?

കാടന്മാർ ഇന്നെത്തുമെന്നാണ് കരുതുന്നത്.

നിയമസഭയിലെന്താണ് ഒന്നും നടക്കാത്തത്?
നിയമനിർമ്മാണമൊന്നും നടത്താതെ
സെനറ്റർമാർ കുത്തിയിരിക്കുന്നതെന്തേ?

എന്തെന്നാൽ കാടന്മാർ ഇന്നെത്തും, പിന്നെന്തിന്
സെനറ്റർമാർ നിയമമുണ്ടാക്കണം?  കാടന്മാർ,
അവരെത്തിയാൽ അവരുടെ നിയമം നടപ്പിലാക്കും.

കാലത്തേ എഴുന്നേറ്റ ചക്രവർത്തി, കിരീടവും  ചൂടി
നഗരകവാടത്തിൽ ഇരിപ്പുറപ്പിച്ചതെന്തേ?

എന്തെന്നാൽ കാടന്മാർ ഇന്നെത്തും, ചക്രവർത്തി
അവരുടെ നേതാവിനെ സ്വീകരിക്കാൻ
തയ്യാറായിട്ടിരിക്കുകയാണ്. അയാൾക്ക്‌
നൽകാനായി പദവികളും ബഹുമതികളും
അദ്ദേഹം തയ്യാറാക്കി വെച്ചിരിക്കുന്നു.

നമ്മുടെ ന്യായാധിപന്മാരും ധനികരും
ചിത്രത്തുന്നലോടു കൂടിയ മേലങ്കികളണിഞ്ഞ്
പുറത്തിറങ്ങിയത് എന്തിനാണ്?
രത്നക്കല്ലുകളോടു കൂടിയ കൈത്തളകളും
മരതകം പതിച്ച തിളങ്ങുന്ന മോതിരങ്ങളും
എടുത്തണിഞ്ഞിരിക്കുന്നത് എന്തിനാണ്?
സ്വർണ്ണവും വെള്ളിയും കെട്ടിയ അധികാരദണ്ഡ്
കൈയ്യിലേന്തി അവരെന്തിനു നടക്കുന്നു?

എന്തെന്നാൽ കാടന്മാർ ഇന്നെത്തും, ഇവയെല്ലാം
അവരെ വശീകരിക്കാൻ സഹായിക്കും.

തങ്ങളുടെ അറിവും കാഴ്ചപ്പാടും പങ്കുവെക്കാനായി
പ്രഭാഷകരാരും ഇന്നെത്താത്തത് എന്തുകൊണ്ടാകാം?

എന്തെന്നാൽ കാടന്മാർ ഇന്നുവരുന്നുണ്ട്,
പ്രഭാഷണങ്ങൾ അവരിൽ മുഷിച്ചിലുണ്ടാക്കും.

നമ്മളിൽ എല്ലാവരിലും ഒരേ ആകാംക്ഷ
നിറഞ്ഞുനിൽക്കുന്നതെന്തേ?
എന്തിനാണ് ഇങ്ങനൊരു വിഭ്രാന്തി?
(എന്തൊരു ഗൗരവമാണ് ഓരോ മുഖത്തും)
കവലകളിൽ നിന്നും സഭകളിൽ നിന്നും
ആളുകൾ ചിന്താകുലരായി, വേഗത്തിൽ
ഒഴിഞ്ഞുപോകുന്നതെന്തേ?

എന്തെന്നാൽ രാത്രിയായിട്ടും കാടന്മാരെ കണ്ടില്ല.
അതിർത്തിയിൽ നിന്നും നമ്മുടെ ആളുകൾ
വന്നുപറഞ്ഞു: കാടന്മാരാരും വരുവാനില്ലിനി.

കാടന്മാരില്ലാതെ ഇനിയിപ്പോൾ നമ്മളെന്തു ചെയ്യും?
ആ മനുഷ്യർ നമുക്കൊരുതരം പ്രതിവിധിയായിരുന്നു.


ശബ്ദങ്ങൾ

ഉത്‌കൃഷ്‌ടവും പ്രിയങ്കരവുമായ ശബ്ദങ്ങൾ.
മരിച്ചവരുടെ, അല്ലെങ്കിൽ മരിച്ചവരെപ്പോലെ
നമുക്ക് നഷ്ടമായവരുടെ ശബ്ദങ്ങൾ.

ചിലപ്പോൾ സ്വപ്നങ്ങളിൽ നമ്മോടവർ സംസാരിക്കുന്നു.
ചിലപ്പോൾ, ചിന്തിച്ചിരിക്കെ, മനസ്സവരെ കേൾക്കുന്നു.

അവരുടെ ശബ്ദത്താൽ ഒരു നിമിഷത്തേക്ക്
നമ്മളിലേക്ക് മടങ്ങിയെത്തുന്നു നമ്മുടെ
ജീവിതത്തിലെ ആദ്യകവിതയിലെ ശബ്ദങ്ങൾ—
അകലെ, അലിഞ്ഞില്ലാതാകുന്ന രാത്രിഗീതം പോലെ.


വൈകുന്നേരവെയിൽ

ഈ മുറി, എനിക്കെത്ര പരിചിതം.
ഇന്നിതും ഇതിനടുത്ത മുറിയുമെല്ലാം
വാടകയ്ക്ക് കൊടുത്തിരിക്കുന്നു.
വീടാകെ ബിസിനസ്സുകാരുടെ, ഇടനിലക്കാരുടെ,
കമ്പനികളുടെ ഓഫീസായി മാറിയിരിക്കുന്നു.

ഹാ! ഈ മുറി, എനിക്കെത്ര പരിചിതമെന്നോ!

വാതിലിനു അരികിലായി സോഫ കിടന്നിരുന്നു.
അതിനു മുമ്പിലായി ഒരു ടർക്കിഷ് ചവിട്ടടി.
അതിനടുത്ത് രണ്ട് മഞ്ഞപൂപാത്രങ്ങളുമായി അലമാര.
വലതുവശത്ത്—അല്ല, എതിർവശത്ത്
കണ്ണാടിയോടുകൂടിയ മേശ.
നടുവിലായി, അവന്റെ എഴുത്തുമേശയും
മൂന്ന് വലിയ ചൂരൽ കസേരകളും.
ഞങ്ങൾ പലപ്പോഴായി
രതിയിലേർപ്പെടാനുപയോഗിച്ച
കട്ടിൽ ജനലിനരികിലായിരുന്നു.

അവയെല്ലാം ഇപ്പോൾ മറ്റെവിടെയെങ്കിലും കാണും,
പാവം വസ്തുക്കൾ.

ജനലിനരികിലായിരുന്നു കിടക്ക, വൈകുന്നേരവെയിൽ
അതിനു പാതിയോളം വന്നുപതിക്കുമായിരുന്നു.

ഒരു വൈകുന്നേരം നാലുമണിക്ക്
വെറും ഒരാഴ്ചകാലത്തേക്ക് ഞങ്ങൾ പിരിഞ്ഞു.
കഷ്ടം! ആ ഒരാഴ്ച എന്നത്തേക്കുമായി.


വൃദ്ധൻ

ശബ്ദമുഖരിതമായ ചായക്കടയിൽ, ഒരു വൃദ്ധൻ
തുണയ്ക്കാരുമില്ലാതെ മേശമേൽ തലചായ്ച്ചിരിക്കുന്നു.
വായിക്കാനെടുത്ത പത്രം അയാൾക്കു മുന്നിൽ തുറന്നുകിടക്കുന്നു.

വാർദ്ധക്യത്തിലെ ദൈന്യതയിൽ അയാൾ ഓർക്കുന്നു:
ചുറുചുറുക്കും സൗന്ദര്യവും ഉണ്ടായിരുന്ന കാലം
ശരിക്കുമൊന്നു ആസ്വദിക്കാൻ തനിക്കായതില്ലല്ലോ.

ഇപ്പോൾ, പ്രായമേറിയെന്ന ബോധം അയാൾക്കുണ്ട്
അയാളത് അനുഭവിക്കുന്നു, കാണുന്നു. എങ്കിലും
ചെറുപ്പമായിരുന്നകാലം ഇന്നലെയായിരുന്നെന്നപോലെ.
എത്ര ചെറിയ കാലയളവായിരുന്നത്, എത്ര ചെറുത്!

വിവേകം തന്നെ പറഞ്ഞുപറ്റിച്ചുവല്ലോയെന്നയാൾ
തിരിച്ചറിയുന്നു. അതെപ്പോഴും പറഞ്ഞു വിശ്വസിപ്പിച്ചു:
'നാളെയാകട്ടെ, എല്ലാത്തിനും വേണ്ടുവോളം സമയമുണ്ടാകും'

അടക്കിനിർത്തിയ കാമനകൾ, വേണ്ടെന്നുവെച്ച സന്തോഷങ്ങൾ.
നഷ്ടപ്പെടുത്തിയ അവസരങ്ങളെല്ലാംതന്നെ അയാളുടെ
മൂഢമായ കരുതലിനുനേരെ ഇന്ന് കൊഞ്ഞനംകുത്തുന്നു.

ഈ ചിന്തകളും ഓർമ്മകളുമെല്ലാം
ആ വൃദ്ധനെ ആലസ്യത്തിലാക്കുന്നു. ചായക്കടയിലെ
മേശമേലേക്കു ചരിഞ്ഞയാൾ ഉറക്കമാകുന്നു.


മെഴുകുതിരികൾ

കത്തുന്ന മെഴുകുതിരികളുടെ നിരപോലെ
വരാനിരിക്കുന്ന ദിനങ്ങൾ നമുക്കു മുന്നിൽ—
സുവർണ്ണജ്വാലകൾ, ജീവിതോഷ്മളം.

അവയ്ക്കു പിന്നിലായി കഴിഞ്ഞകാല ദിനങ്ങൾ.
എരിഞ്ഞടങ്ങിയ തിരികളുടെ പരിതാപകരമായ നിര.
ഒടുവിലെരിഞ്ഞവയിൽ നിന്നും പുകയുയരുന്നു.
ഉരുകിയൊലിച്ച്, രൂപം മാറിയ മെഴുകുതിരികൾ.

എനിക്കവ കാണേണ്ടതില്ല, അവയെന്നെ ദുഃഖത്തിലാക്കുന്നു.
അവയ്ക്കുണ്ടായിരുന്ന ശോഭയോർക്കേണ്ടിവരുന്നു.
മുന്നിൽ കത്തിനിൽക്കുന്നവയെ ഞാൻ നോക്കുന്നു,

തിരിഞ്ഞുനോക്കാൻ ഞാൻ ഭയപ്പെടുന്നു.
എത്രവേഗമാണ് വെളിച്ചമറ്റ വരിയുടെ നീളമേറുന്നത്.
എത്രവേഗത്തിലാണ് എരിഞ്ഞടങ്ങിയ
മെഴുകുതിരികളുടെ എണ്ണമേറുന്നത്.


ജനലുകൾ

ഈ ഇരുണ്ട മുറികളിൽ
ചിലവഴിച്ച ദുരിതദിനങ്ങളിൽ
ജനലുകൾക്കായി ഞാൻ പരതി — ഒരു ജനൽ
തുറക്കപ്പെടുമെങ്കിൽ തെല്ലൊരാശ്വാസമായേനെ.
പക്ഷേ ജനലൊന്നുമില്ല, കുറഞ്ഞപക്ഷം
എനിക്കവ കണ്ടെത്താനാകുന്നില്ല.
ചിലപ്പോൾ ഇത് നല്ലതിനാകാം.
വെളിച്ചം മറ്റൊരു മാരണമാകില്ലെന്നാരുകണ്ടു,
എന്തൊക്കെയത് വെളിപ്പെടുത്തുമെന്നു ആർക്കറിയാം?

Comments

Popular Read

റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകൾ

സാധാരണ കാര്യങ്ങളെ അത്ഭുതകരമാംവണ്ണം മഹത്വമുള്ളതാക്കി മാറ്റാൻ സാധിക്കുന്നെന്നത് കവിതയുടെ പ്രധാന ശേഷികളിൽ ഒന്നാണല്ലോ. ഇത് അക്ഷരാർത്ഥത്തിൽ റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകളിൽ വായിച്ചറിയാം. ട്രാൻസ്ട്രോമറുടെ കവിതകൾ, രാത്രിയിൽ നിശബ്ദതയിൽ തനിച്ചായിരിക്കുന്ന വേളകളിൽ വായിക്കാനെടുക്കേണ്ടവയാണ്. എന്തെന്നാൽ ആ കവിതകളിൽ മിക്കതിന്റെയും നിഗൂഢസ്വഭാവം ഏറ്റവും ആസ്വാദ്യമാകുന്നത് ഇത്തരം വേളകളിലാണ്.

എന്നാൽ കവിതയിലെ നിഗൂഢതയുടെ ആവശ്യകതയെപ്പറ്റി സ്റ്റെഫാൻ മല്ലാർമെ അഭിപ്രായപ്പെട്ടതു പോലെ യാഥാർത്ഥ്യത്തിൽ നിന്നും അകന്നുനിന്നുകൊണ്ടുള്ള നിഗൂഢതയല്ല ട്രാൻസ്ട്രോമർ കവിതകളുടേത്. യാഥാർത്ഥ്യങ്ങളോടുള്ള ബന്ധം വിച്ഛേദിക്കാതെ, ഒരേസമയം ലളിതമെന്നും സങ്കീർണ്ണമെന്നുമുള്ള തോന്നലുണ്ടാക്കാൻ ട്രാൻസ്ട്രോമർ കവിതകൾക്കു സാധിക്കുന്നു. ദൈനംദിന ജീവിതത്തിൽ വേരുകളുള്ള ഈ കവിതകൾ, അവയുടെ ആഴവും മുഴക്കവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഓരോ കവിതയിലും വാക്കുകളും ബിംബങ്ങളും പ്രയോഗിക്കുന്നതിൽ കാണിക്കുന്ന കണിശതയും ശ്രദ്ധയും കാരണമാകണം വെറും മുന്നൂറിൽ താഴെ പേജുകളിൽ ഒതുക്കാവുന്നതാണ് അദ്ദേഹത്തിന്റെ രചനാലോകം. മനഃശാസ്‌ത്രജ്ഞന്‍ എന്ന നിലയിലുള്ള തൊഴിൽ ജീവിത…

ബേ ദാവോയുടെ കവിതകൾ

പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ ചൈനീസ് കവിതയിൽ രൂപപ്പെട്ട പ്രസ്ഥാനമായ മിസ്റ്റി കവിതയിൽ പ്രമുഖനാണ് ബേ ദാവോ. 1949ൽ ബെയ്‌ജിംഗിൽ ജനിച്ച ബേ ദാവോയുടെ  വിദ്യാഭ്യാസം സാംസ്കാരിക വിപ്ലവത്തെ തുടർന്നു തടസ്സപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യകാല കവിതകൾ രാഷ്ട്രീയസ്വാധീനം ചെലുത്താൻ പോന്നവയായിരുന്നു. പതിനേഴാം വയസ്സിൽ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായിരുന്ന റെഡ് ഗാർഡ് മൂവ്മെന്റിൽ പങ്കുചേർന്നു. പിന്നീട് ഈ പ്രവർത്തനങ്ങളിൽ നിരാശനായി ഗ്രാമപ്രദേശങ്ങളിൽ നിർമ്മാണതൊഴിലാളിയായി ജോലി ചെയ്തു.

1980നൊടുവിൽ ബേ ദാവോ ചൈനീസ് റൈറ്റേഴ്‌സ് അസോസിയേഷനിൽ അംഗമായി. 1989ൽ അദ്ദേഹം ബെർലിനിൽ എഴുത്തുകാരുടെ സമ്മേളത്തിനു പങ്കെടുക്കാൻ എത്തിയ സമയത്താണ് ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല നടക്കുന്നത്. ഇതേതുടർന്ന് സ്വദേശം വിട്ടു ജീവിക്കാൻ തീരുമാനിച്ചു. ഏറെക്കാലം സ്കാൻഡനേവിയൻ രാജ്യങ്ങളിലും പിന്നീട് യുഎസിലും കഴിഞ്ഞു. ഇപ്പോൾ ഹോങ്കോങ്ങിൽ താമസിക്കുന്നു.

ലോർക്കയിലേതു പോലുള്ള ഭാവാത്മകത; റ്റൊമാസ് ട്രാൻസ്ട്രോമർ,  സെസാർ വയാഹോ, ഗിയോർഗ് ട്രാക്ൽ എന്നിവരിലേതുപോലുള്ള സർറിയലിസം, റിൽക്കെയുടേത് പോലുള്ള വൈകാരികത എന്നിവ ബേ…

സ്ബിഗ്ന്യെഫ് ഹെർബെർട്ടിന്റെ കവിതകൾ

നിർജ്ജീവമെന്നും അചേതനമെന്നും പറഞ്ഞു കവികൾ പൊതുവെ എടുക്കാൻ മടിച്ചിരുന്ന വസ്തുക്കളിൽ ഐറണിയിലൂടെ കവിത കണ്ടെത്തിയ കവിയാണ് സ്ബിഗ്ന്യെഫ് ഹെർബെർട്. അദ്ദേഹത്തിന്റെ കവിതയിൽ നമുക്കു പരിചിതമായ പലതും വിചിത്രവും വിചിത്രമായ പലതും പരിചിതവുമായി മാറുന്നു. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു.

പിൽക്കാല കവിതകളിലാകട്ടെ വികാരങ്ങൾ വരെ വിചാരങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത് കാണാം. ചരിത്രവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ കവിതയിൽ പ്രധാനമാണ്. ഒരു അസ്സൽ രാഷ്ട്രീയകവിയായി ഹെർബെർട്ടിനെ കാണുന്നവരുമുണ്ട്. കമ്യൂണിസ്റ്റ് ആകാതെ നാസികൾക്കെതിരെയും, കത്തോലിക്കനോ ദേശീയവാദിയോ ആകാതെ സ്റ്റാലിനിസത്തിനെതിരെയും നിലകൊണ്ട ഹെർബെർട്, ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പോളിഷ് കവികളിൽ ഒരാളാണ്.

സ്ബിഗ്ന്യെഫ് ഹെർബെർട്ടിന്റെ കവിതകൾ
പിടക്കോഴി

മനുഷ്യരോടൊത്തുള്ള സ്ഥിരവാസത്തിലൂടെ എന്തായിത്തീരും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പിടക്കോഴി. ഒരു പക്ഷിയുടേതായ ഭംഗിയും മൃദുലതയും അവൾക്കു പൂർണ്ണമായും നഷ്ടപ്പെട്ടുകഴിഞ്ഞു. ഒട്ടും ഇണങ്ങാത്ത വലിയ തൊപ്പിപോലെ, തള്ളിനിൽക്കുന്ന ആസനത്തി…

റോബർട്ടോ ഹുവാറോസിന്റെ ലംബകവിതകൾ

കവിതയുടെ, ഭാഷയുടെയും, പരിമിതികൾ മറികടന്നു കവിതയ്ക്കു മറ്റൊരു മേച്ചിൽപ്പുറം കണ്ടെത്താനുള്ള റോബർട്ടോ ഹുവാറോസിന്റെ ശ്രമമായിരുന്നു ലംബ കവിതകൾ. ഒരു പ്രത്യേകകാലത്തെ വൈയക്തികവും രാഷ്ട്രീയപരവുമായ വിഷയങ്ങൾക്കു പകരം എക്കാലത്തെയും വിഷയങ്ങളായിരുന്നു ലംബകവിതയുടേത്. ചുറ്റുപാടുമുള്ള, തിരശ്ചീനമായ പരപ്പിനു പകരം ആഴവും ഉയരവുമുള്ള തത്വവിചാരങ്ങൾ കവിതയായപ്പോൾ, വൈകാരികതയ്ക്കുള്ള ഇടമതിൽ ചുരുങ്ങി, ഒരുപക്ഷേ ഇല്ലെന്നുതന്നെയായി. ശൂന്യതയും അഗാധതയും  നിറഞ്ഞു.

ലംബ കവിത എന്ന തലക്കെട്ടിൽ  1958ലാണ് റോബർട്ടോ ഹുവാറോസ് തന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിലെ കവിതകൾക്കൊന്നും തലക്കെട്ട് ഇല്ലായിരുന്നു. തുടർന്നിറങ്ങിയ എല്ലാ കവിതാപുസ്തകങ്ങളും ലംബകവിത എന്ന പേരിൽ തന്നെയായിരുന്നു. ഒരേ ശൈലിയിൽ എഴുതാൻ റോബർട്ടോ ഹുവാറോസിനു ജീവിതകാലമത്രയും സാധിച്ചു.

ലളിതമായ ഭാഷ, മൂർത്തമായ ബിംബങ്ങൾ ഉപയോഗിച്ച് അമൂർത്തതയെ ആവിഷ്കരിക്കൽ, സെൻ കവിതകളിൽ കാണുന്നതരം തെളിച്ചം, ഹൈക്കുവിലേതു പോലെ വാക്കുകളുടെ മിതത്വം എന്നിവ ലംബകവിതയുടെ പൊതുസവിശേഷതകളാണ്. വേദവാക്യങ്ങൾ പോലെയോ കടങ്കഥകൾ പോലെയോ ആണ് ഹുവാറോസിന്റെ ലംബകവിതകൾ.

1929ൽ ബ്യൂണോ എയ്റസിലെ ചെറുപ…

ഗിയോർഗ് ട്രാക്ക്‌ലിന്റെ കവിതകൾ

ഓസ്ട്രിയൻ കവിയായ ഗിയോർഗ് ട്രാക്ക്ൽ  (1887 – 1914) തന്റെ കവിതകളിൽ മൗനം പാലിക്കുന്നു. വാചകമടിയോ പ്രസ്താവനകളോ ഇല്ല. ബിംബങ്ങളെ തനിക്കുവേണ്ടി സംസാരിക്കാൻ പറഞ്ഞുവിടുന്നു. മതിഭ്രമത്താൽ ഈ കവി ലോകത്തിനു വിചിത്രമായ നിറങ്ങൾ നൽകുന്നു. നരച്ച മൗനം ആ നിറങ്ങൾക്കു പശ്ചാത്തലമാകുന്നു. പലപ്പോഴും ഇരുണ്ട സായാഹ്നങ്ങളിൽ നിന്നും ബിംബങ്ങളുടെ നേർത്ത ശബ്ദം കേൾക്കാറാകുന്നു.

ട്രാക്ക്ലിന്റെ കവിതകൾ വായിക്കാനെടുക്കുമ്പോൾ ഇന്ദ്രിയബോധങ്ങളെ തകിടം മറിക്കാൻ ഒരുമ്പെട്ട ആർതർ റങ്ബോയെ ഓർമ്മ വരുന്നു. സ്ഥിരത കണ്ടെത്താനാകാത്ത മനസ്സുമായി മറ്റൊരു ലോകം തേടിയ സാമുവൽ ടെയിലർ കോൾറിഡ്ജിനെയും ഓർക്കാനാകുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം തകർന്നടിഞ്ഞ പ്രകൃതിയേയും മനുഷ്യമനസ്സിനെയും കാണാനാകുന്നു.

തന്റെ ഇരുപതുകളുടെ തുടക്കത്തിൽ കവിതയെഴുത്തു നിർത്തി അടിമകച്ചവടത്തിനു പോയ റങ്ബോയെ എന്ന പോലെ അമിതമായ കൊക്കെയിൻ ഉപയോഗിച്ചു തന്റെ ഇരുപത്തിയേഴാം വയസ്സിൽ മരണപ്പെട്ട ട്രാക്ക്ലും എനിക്കു പ്രിയപ്പെട്ടവനാകുന്നു. ആ ജീവിതം കൊണ്ടല്ല - അവശേഷിപ്പിച്ച കവിതകൾ കൊണ്ട്.

ഗിയോർഗ് ട്രാക്ക്‌ലിന്റെ കവിതകൾ
രാപ്രണയം

നക്ഷത്രകൂടാരത്തിനു കീഴെ അർദ്ധരാത്രിയുടെ
നിശബ്‌ദതയിൽ ഏകാകിയാം ഒര…