1 April 2020

നിങ്ങള്‍ക്കാവില്ല

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ
ഗോപാ‍ല്‍ ഹൊണാല്‍ഗെരെ

I
ഉറക്കത്തോട് വരാൻപറയാൻ നിങ്ങൾക്കാവില്ല
നിങ്ങൾക്കതിനെ സ്വപ്നം കാണാനേ കഴിയൂ.
ശീതീകരിച്ച മുറിയിൽ
മൂട്ടയില്ലാത്ത മെത്തയൊരുക്കാനും.

നിങ്ങളുടെ ഉറക്കമില്ലായ്‌മയോട്
എങ്ങനെ ‘ശുഭരാത്രി’ നേരണമെന്നു
പഠിപ്പിക്കാൻ ക്രിസ്തുവിനാവില്ല.

നിങ്ങളുടെ നിദ്രാവിഹീനതയ്ക്കു
എങ്ങനെ താരാട്ടുപാടാമെന്നു പഠിപ്പിക്കാൻ
പുണ്യാളന്മാർക്കും.

മരുന്നുകളും ‘എങ്ങനെ നന്നായി ഉറങ്ങാം’
എന്ന ബെസ്റ്റ് സെല്ലറും പോലെ
പ്രാർത്ഥനകളും കുമ്പസാരങ്ങളും വിഫലം.

II
പാപപരിഹാരത്തിന്റെയും ദൈവത്തിന്റെയും
ഉറക്കത്തിന്റെയും ലളിതമായ വരവിനായി
നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്,
നിങ്ങളെ നിങ്ങളുടെതന്നെ ചുമലിൽ
നിങ്ങൾ ചുമക്കേണ്ടതുണ്ട്.

കരഞ്ഞു തളർന്ന ആ കുഞ്ഞിനെ,
നിങ്ങളുടെ പിരിമുറുക്കങ്ങളെല്ലാം
ജന്മനാ കിട്ടിയിട്ടുള്ള
രോഗിയായ ആ കുഞ്ഞിനെ
വാത്സല്യപൂര്‍വ്വം തലോടൂ.
അവന് കഥകൾ പറഞ്ഞുകൊടുക്കൂ
നേഴ്സറി പാട്ടുകൾ പാടികൊടുക്കൂ
ഇരുണ്ട മേഘങ്ങൾ ചന്ദ്രനോടൊത്ത്
കളിക്കുന്നത് കാണിച്ചുകൊടുക്കൂ
നക്ഷത്രങ്ങളെ കാണിച്ചുകൊടുക്കൂ
വേനൽമരങ്ങൾക്കിടയിൽ നക്ഷത്രങ്ങൾ
പൂക്കളെ പോലെ തിളങ്ങുന്നത് കാണിക്കൂ

എന്നിട്ടവനോട് പറയൂ,
എങ്ങനെ ഒരു നല്ലകുട്ടിയായി വളരാമെന്ന്.
അവന് മനസ്സിലായാലും ഇല്ലെങ്കിലും
രാമനെപ്പറ്റി, ബുദ്ധനെപ്പറ്റി, ക്രിസ്തുവിനെപ്പറ്റി
അവനോട് പറയൂ
നിങ്ങൾ ഉറക്കത്തിലേക്ക് വീഴുവോളം.

"You Can't Will" from 60 Indian Poets

ജനലുകൾ

കോൺസ്റ്റന്റൈൻ പി. കവാഫി
കോൺസ്റ്റന്റൈൻ പി. കവാഫി

ഈ ഇരുണ്ട മുറികളിൽ
ചിലവഴിച്ച ദുരിതദിനങ്ങളിൽ
ജനലുകൾക്കായി ഞാൻ പരതി — ഒരു ജനൽ
തുറക്കപ്പെടുമെങ്കിൽ തെല്ലൊരാശ്വാസമായേനെ.
പക്ഷേ ജനലൊന്നുമില്ല, കുറഞ്ഞപക്ഷം
എനിക്കവ കണ്ടെത്താനാകുന്നില്ല.
ചിലപ്പോൾ ഇത് നല്ലതിനാകാം.
വെളിച്ചം മറ്റൊരു മാരണമാകില്ലെന്നാരുകണ്ടു,
എന്തൊക്കെയത് വെളിപ്പെടുത്തുമെന്നു ആർക്കറിയാം?

"Windows"

പാതിപണിതീർന്ന സ്വർഗ്ഗം

റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ

ദൈന്യത അതിന്റെ വഴിമാറിപ്പോകുന്നു.
തീവ്രവേദനയും അതിന്റെ വഴിമാറുന്നു.
കഴുകൻ പറക്കൽ നിർത്തുന്നു.

ജ്വലിക്കുന്ന വെട്ടം പുറത്തേക്കൊഴുകുന്നു,
ആത്മാക്കൾ പോലും അതെടുക്കുന്നു.

നമ്മുടെ ചിത്രങ്ങൾ വെളിച്ചംകാണുന്നു,
ഹിമയുഗ ചിത്രശാലയിലെ ചുവപ്പൻ ജന്തുക്കൾ.

എല്ലാം ചുറ്റുപാടും നോക്കാൻ തുടങ്ങുന്നു.
നാം നൂറാൾക്കൂട്ടങ്ങളായി വെയിലത്ത്‌ നടക്കുന്നു.

എല്ലാവർക്കുമായിട്ടുള്ള മുറിയിലേക്ക് തുറക്കുന്ന
പാതിതുറന്ന കതകാകുന്നു ഓരോ മനുഷ്യനും.

നമുക്കുതാഴെയായി അറ്റമില്ലാത്ത നിലം.
മരങ്ങൾക്കിടയിൽ വെള്ളം വെട്ടിത്തിളങ്ങുന്നു.
തടാകം ഭൂമിക്കുള്ളിലേക്കുള്ള ജാലകമാകുന്നു.

"The Half-Finished Heaven"

രണ്ട് തുള്ളികൾ

 സ്ബിഗ്ന്യെഫ് ഹെർബെർട്
സ്ബിഗ്ന്യെഫ് ഹെർബെർട്

കാടുകൾ കത്തിയെരിയുകയായിരുന്നു—
അവരോ പരസ്പരം കൈകൾ
കഴുത്തിൽ ചുറ്റിപുണരുകയായി,
പനിനീർപ്പൂച്ചെണ്ടുകളെയെന്നപോലെ.

അഭയം തേടിയാളുകൾ ഓടിക്കൊണ്ടിരുന്നു—
തന്റെ  പെണ്ണിന്റെ മുടിയുടെ ആഴങ്ങളിൽ
ഒരുവനൊളിക്കാമെന്നവൻ പറഞ്ഞു.

ഒരേ പുതപ്പിനുള്ളിൽ കിടന്നവർ
നാണിപ്പിക്കും വാക്കുകൾ കാതിലോതി.
പ്രേമിക്കുന്നുവരുടേതായ പ്രാർത്ഥന.

സ്ഥിതി പിന്നെയും മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലേക്ക് കയറി
കൺപോളകൾ മുറുക്കിയടച്ചു.

കൺപീലികളിൽ തീനാളമെത്തിയത് പോലും
അവരറിയാത്തവണ്ണം കണ്ണുകളടഞ്ഞുകിടന്നു.

ഒടുക്കംവരെയും അവർ ധീരർ.
ഒടുക്കംവരെയും അവർ വിശ്വസ്തർ.
ഒടുക്കംവരെയും അവർ സമാനർ.
മുഖത്തിന്റെ വക്കിൽ തങ്ങിനിൽക്കുന്ന
രണ്ട് തുള്ളികൾ പോലെ.

"Two Drops"

കാടന്മാർക്കായുള്ള കാത്തിരിപ്പ്

സി.പി കവാഫി
കോൺസ്റ്റന്റൈൻ പീറ്റർ കവാഫി

നഗര ചത്വരത്തിൽ ഒത്തുകൂടി
നാം എന്തിനായിട്ടാണ് കാത്തിരിക്കുന്നത്?

കാടന്മാർ ഇന്നെത്തുമെന്നാണ് കരുതുന്നത്.

നിയമസഭയിലെന്താണ് ഒന്നും നടക്കാത്തത്?
നിയമനിർമ്മാണമൊന്നും നടത്താതെ
സെനറ്റർമാർ കുത്തിയിരിക്കുന്നതെന്തേ?

എന്തെന്നാൽ കാടന്മാർ ഇന്നെത്തും, പിന്നെന്തിന്
സെനറ്റർമാർ നിയമമുണ്ടാക്കണം?  കാടന്മാർ,
അവരെത്തിയാൽ അവരുടെ നിയമം നടപ്പിലാക്കും.

കാലത്തേ എഴുന്നേറ്റ ചക്രവർത്തി, കിരീടവും  ചൂടി
നഗരകവാടത്തിൽ ഇരിപ്പുറപ്പിച്ചതെന്തേ?

എന്തെന്നാൽ കാടന്മാർ ഇന്നെത്തും, ചക്രവർത്തി
അവരുടെ നേതാവിനെ സ്വീകരിക്കാൻ
തയ്യാറായിട്ടിരിക്കുകയാണ്. അയാൾക്ക്‌
നൽകാനായി പദവികളും ബഹുമതികളും
അദ്ദേഹം തയ്യാറാക്കി വെച്ചിരിക്കുന്നു.

നമ്മുടെ ന്യായാധിപന്മാരും ധനികരും
ചിത്രത്തുന്നലോടു കൂടിയ മേലങ്കികളണിഞ്ഞ്
പുറത്തിറങ്ങിയത് എന്തിനാണ്?
രത്നക്കല്ലുകളോടു കൂടിയ കൈത്തളകളും
മരതകം പതിച്ച തിളങ്ങുന്ന മോതിരങ്ങളും
എടുത്തണിഞ്ഞിരിക്കുന്നത് എന്തിനാണ്?
സ്വർണ്ണവും വെള്ളിയും കെട്ടിയ അധികാരദണ്ഡ്
കൈയ്യിലേന്തി അവരെന്തിനു നടക്കുന്നു?

എന്തെന്നാൽ കാടന്മാർ ഇന്നെത്തും, ഇവയെല്ലാം
അവരെ വശീകരിക്കാൻ സഹായിക്കും.

തങ്ങളുടെ അറിവും കാഴ്ചപ്പാടും പങ്കുവെക്കാനായി
പ്രഭാഷകരാരും ഇന്നെത്താത്തത് എന്തുകൊണ്ടാകാം?

എന്തെന്നാൽ കാടന്മാർ ഇന്നുവരുന്നുണ്ട്,
പ്രഭാഷണങ്ങൾ അവരിൽ മുഷിച്ചിലുണ്ടാക്കും.

നമ്മളിൽ എല്ലാവരിലും ഒരേ ആകാംക്ഷ
നിറഞ്ഞുനിൽക്കുന്നതെന്തേ?
എന്തിനാണ് ഇങ്ങനൊരു വിഭ്രാന്തി?
(എന്തൊരു ഗൗരവമാണ് ഓരോ മുഖത്തും)
കവലകളിൽ നിന്നും സഭകളിൽ നിന്നും
ആളുകൾ ചിന്താകുലരായി, വേഗത്തിൽ
ഒഴിഞ്ഞുപോകുന്നതെന്തേ?

എന്തെന്നാൽ രാത്രിയായിട്ടും കാടന്മാരെ കണ്ടില്ല.
അതിർത്തിയിൽ നിന്നും നമ്മുടെ ആളുകൾ
വന്നുപറഞ്ഞു: കാടന്മാരാരും വരുവാനില്ലിനി.

കാടന്മാരില്ലാതെ ഇനിയിപ്പോൾ നമ്മളെന്തു ചെയ്യും?
ആ മനുഷ്യർ നമുക്കൊരുതരം പ്രതിവിധിയായിരുന്നു.

"Waiting for the Barbarians"